കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം നൽകാൻ സമയം നീട്ടി നൽകണമെന്ന ക്രൈം ബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപഗത്താണ് രാവിലെ വിധി പറയുക. മൂന്ന് മാസം സമയം നീട്ടി നൽകണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ട് പ്രതികൾക്കെതിരെ നിരവധിയായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യം ഉന്നയിച്ചത്.
എന്നാൽ, ഒരു ദിവസം പോലും സമയം നീട്ടി നൽകരുതെന്നും വിചാരണ തടയാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ആശങ്കയുണ്ടെന്നും ദൃശ്യം ലീക്ക് ആകുമോ എന്ന് ഭയം ഉണ്ടെന്നും അതിജീവിത കോടതി അറിയിച്ചിട്ടുണ്ട്. കേസിൽ സ്വതന്ത്രമായ അന്വേഷണത്തിന് കൂടുതൽ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
















