തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സംസ്ഥാന സർക്കാർ. ലോക്കപ്പ് അതിക്രമം ഉണ്ടായാൽ പിരിച്ചുവിടൽ ഉൾപ്പടെ കടുത്ത നടപടിയുണ്ടാകും. ലോക്കപ്പുകളിൽ മനുഷ്യാവകാശ ധ്വംസനം ഉണ്ടാവില്ല എന്നുറപ്പാക്കും എന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വം ബോർഡുകളിൽ വരുമാന കമ്മി സർക്കാർ നികത്തും. മുന്നാക്ക സംവരണം നടപ്പാക്കുന്ന കാര്യത്തിൽ മുന്നോട്ടു തന്നെ പോകും. സംവരണ നയം ഉയർത്തിപ്പിടിക്കുമെന്നും സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
അൺഎയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ നിയമ നിർമ്മാണം നടത്തും. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും. സേവന – വേതന വ്യവസ്ഥകൾ ശരിയായ രീതിയിൽ നടപ്പാക്കാൻ ഇടപെടും. ജപ്തി ഉൾപ്പടെയുള്ള നടപടികളിൽ വീടുകളിൽ നിന്ന് ഇറക്കി വിടുന്നതിന് എതിരെ നിയമ നിർമാണം കൊണ്ടുവരും. ബദൽ സംവിധാനങ്ങൾ ഇല്ലാതെ ആരെയും ഇറക്കി വിടരുത് എന്നും പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
കെഎസ്ആർടിസി പുനസംഘടിപ്പിക്കുമെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കും.
മിനിമം സബ്‌സിഡി അടിസ്ഥാനത്തിൽ ആയിരിക്കും ഇതെന്നും സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
















