കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊച്ചി ഡിസിപി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും
ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരം ഉണ്ടായതാണെന്നും വിജയ് ബാബു മൊഴി നല്‍കി.
സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പോലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം എതിര്‍ക്കാനുള്ള തെളിവ് സമാഹരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
നേരത്തെ, കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ്ബാബു പറഞ്ഞിരുന്നു. ദുബായില്‍നിന്ന് കൊച്ചിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞാന്‍ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു, ഞാന്‍ ഇന്ന് വന്നു. ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. പോലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും. എന്നോടൊപ്പംനിന്ന എല്ലാവര്‍ക്കും നന്ദി’, വിജയ്ബാബു പ്രതികരിച്ചു.
ഒരു മാസമായി വിദേശത്തായിരുന്നു വിജയ് ബാബു രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചിയിലെത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ 39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. 10.30ഓടെ തേവര പൊലീസ് സ്റ്റേഷനില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി വിജയ് ബാബുവിന്റെ ചോദ്യംചെയ്യല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
















