സ്വവർഗാനുരാഗികളായ പെൺകുട്ടികളെ ഒന്നിച്ചു ജീവിക്കാൻ വിട്ട് കേരള ഹൈക്കോടതി. തന്റെ പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെട്ടത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി.ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാൻ കോടതി അനുവദിച്ചു. പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു കോടതി വ്യക്തമാക്കി. ആദില സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയും ഹൈക്കോടതി തീർപ്പാക്കി.
കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‍റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. സ്വവർഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി.
തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ പരാതി. പിന്നാലെ ഇന്നു രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുകയായിരുന്നു.
രാവിലെ തന്നെ ഹർജി പരിഗണിച്ച ഹൈക്കോടതി, പെൺകുട്ടിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാൻ പൊലീസിനു നിർദേശം നൽകി. തുടർന്ന് വീട്ടുകാർ പെൺകുട്ടിയുമായി ഹൈക്കോടതിയിലെത്തി. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയിൽ വിളിച്ചു വരുത്തി. ചേംബറിൽവച്ചു സംസാരിച്ച് ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുകയായിരുന്നു. പ്രായപൂർത്തിയായതിനാൽ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.
















