ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബുവിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ തടഞ്ഞു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാം. വിദേശത്ത് നിന്ന് എത്തിയാലുടൻ അറസ്റ്റ് ചെയ്യാൻ പാടില്ല. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും നാട്ടിലെത്തിയ ഉടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ വിജയ് ബാബു ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ബലാത്സംഗ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി വിമർശനം അറിയിച്ചു . വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുക എന്നത് ആണ് പ്രധാനമെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയ്ക്ക് മുന്നിൽ വിജയ് ബാബു സാധാരണക്കാരനാണ്. ഒരു മാസമായിട്ടും എന്തുകൊണ്ട് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തില്ലെന്നും കോടതി ചോദിച്ചു. ആൾ സ്ഥലത്തില്ലാത്തതിനാൽ കേസ് മെറിറ്റിൽ കേൾക്കില്ല. ഉടൻ നാട്ടിൽ തിരിച്ചെത്തുമെങ്കിൽ അറസ്റ്റ് തത്കാലം തടയാമെന്നും കോടതി അറിയിച്ചു.
















