സംസ്ഥാന രാഷ്ട്രീയം ആകാംക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആകെയുള്ള 239 ബൂത്തുകളില്‍ വേറിട്ട് നില്‍ക്കുകയാണ് 119-ാം നമ്പര്‍ ബൂത്ത്. 119-ാം നമ്പര്‍ ബൂത്തായ തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി.എസിന് അപൂര്‍വ നേട്ടം. ഇവിടെ ഇലക്ഷൻ ഡ്യൂട്ടിയുള്ള മുഴുവന്‍ പോളിംഗ് ജീവനക്കാരും വനിതകളാണെന്നുള്ളതാണ് ഈ അപൂർവതക്ക് കാരണം. പോളിംഗ് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതല നല്‍കിയിട്ടുള്ളതും ഒരു വനിതയ്ക്കു തന്നെയാണ്.
ആലുവ യു.സി. കോളേജിലെ രസതന്ത്രം അധ്യാപിക ഡോ. നീതുമോള്‍ വര്‍ഗീസ്, മരട് നഗരസഭാ ജൂനിയര്‍ സൂപ്രണ്ട് പി.പി. ജൂഡി, അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ എ. ശീതള, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപികയായ എം.പി. റൂബിയ എന്നിവരെയാണ് ഇവിടെ പോളിംഗ് ഡ്യൂട്ടിയ്ക്കായി നിയമിച്ചിരിക്കുന്നത്.
വനിതാ സെല്ലിലെ ഉദ്യോഗസ്ഥയായ പി.എസ്. അമ്പിളിക്കാണ് സുരക്ഷാ ചുമതല. മഹാരാജാസ് കോളേജിലെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു ഒപ്പമുള്ളത് മുഴുവന്‍ വനിതകളാണെന്ന് അഞ്ചുപേരും അറിഞ്ഞത്.ഏക പിങ്ക് ബൂത്ത് ആണെന്ന് അറിഞ്ഞതോടെ ആദ്യം അമ്പരപ്പായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.രാവിലെ 7 മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.
















