തൃക്കാക്കര: വോട്ട് ചെയ്യാനെത്തിയ എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. വോട്ടെടുപ്പ് നടക്കുന്ന ലൊയോള എൽപി സ്‌കൂൾ വളപ്പിൽ വെച്ച് മാധ്യമങ്ങളെ കാണാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തർക്കമുണ്ടായത്.
പുറത്ത് വച്ചേ മാധ്യമങ്ങളെ കാണാൻ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ തർക്കമായി. ഇതൊക്കെ ഉള്ളതാണ്. അതൊക്കെ അങ്ങ് പിണറായി വിജയനോട് പറഞ്ഞാല്‍ മതിയെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. ബൂത്തിനകത്ത് വെച്ചല്ല സംസാരിക്കുന്നതെന്നും സൗകര്യമുണ്ടെങ്കിൽ കേസെടുത്തോയെന്നും അദ്ദേഹം പൊലീസിനോട് കയര്‍ത്തു. എം.സ്വരാജ് അരമണിക്കൂര്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ എന്തുകൊണ്ട് എതിര്‍ത്തില്ലെന്നും സ്ഥാനാര്‍ഥിയുടെ കൂടെ വന്ന പ്രവര്‍ത്തകര്‍ ചോദിച്ചു.
ലൊയോള എൽപി സ്കൂളിലെ ബൂത്തിലാണ് എ എൻ രാധാകൃഷ്ണൻ ആദ്യം എത്തിയത്. രാവിലെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയ ശേഷമാണ് എ എൻ രാധാകൃഷ്ണൻ സ്കൂളിലെത്തിയത്. എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം.
ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലത്തേ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്. രാഷ്ട്രീയകാര്യങ്ങളെല്ലാം വിശദീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ബൂത്തിന് തൊട്ടടുത്ത് അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്.
അതേസമയം, തൃക്കാക്കരയിൽ അട്ടിമറി ജയം നേടുമെന്ന് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. എന്‍.ഡി.എ ജനപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
















