മംഗലാപുരം: മംഗലാപുരത്ത് മലയാളി വിദ്യാർത്ഥിക്കു നേരെ വധശ്രമം. കോളേജിലെ കലാപരിപാടിക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് മലയാളി വിദ്യാർത്ഥിയെ വീട്ടിൽകയറി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. അക്രമിസംഘത്തിലെ എട്ടുപേർ പിടിയിലായി. നാലു പേർ ഒളിവിലാണ്.
മംഗലാപുരം നഗരത്തിലെ ഒരു സ്വകാര്യ കോളേജ് വിദ്യാർത്ഥികളെയാണ് വധശ്രമത്തിന് മംഗളുരു ഉർവ പൊലീസ് പിടികൂടിയത്. മലയാളിയായ ശബാബ് കെ (21) എന്ന വിദ്യാർത്ഥി നൽകിയ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പന്ത്രണ്ടു പേർ മാരകായുധങ്ങളുമായി താൻ താമസിക്കുന്ന ചിലിംബിയിലെ ഹിൽക്രസ്റ്റ് അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ശബാബിന്റെ പരാതി. കോളേജിൽ സാംസ്‌കാരിക പരിപാടിക്കിടെ ഉണ്ടായ തർക്കത്തിന് പ്രതികാരം ചെയ്യാൻ പ്രതികൾ ഫ്‌ളാറ്റിലെത്തുകയായിരുന്നു.
മുഹമ്മദ് അഫ്രിഷ് (21), സുനൈഫ് (21), ഷെയ്ഖ് മുഹിയുദ്ദിൻ (20), ഇബ്രാഹിം റാജി (20), മുഹമ്മദ് സിനാൻ അബ്ദുല്ല (21), മുഹമ്മദ് അസ്ലം (21), മുഹമ്മദ് അഫാം അസ്ലം (20), മുഹമ്മദ് സയ്യിദ് അഫ്രീദ് (21) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇവർ എല്ലാവരും ബൽമട്ടയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥികളാണ്. ഒളിവിൽ പോയ നാലു പ്രതികൾക്കു വേണ്ടി തെരച്ചിൽ നടത്തുന്നതായും പൊലീസ് പറഞ്ഞു.
















