തൃശ്ശൂര്‍: സൈക്കിളില്‍ യാത്ര ചെയ്യവെ വാനിലെത്തിയ സംഘം ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും തലമുടി മുറിയ്ക്കുകയും ചെയ്തു. തൃശ്ശൂര്‍ ചാലക്കുടി മേലൂരിയില് ഉച്ചയോടെയാണ് സംഭവം.
കൂവ്വക്കാട്ട്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ റോഡിൽ വച്ചാണ് അക്രമമുണ്ടായതെന്ന് പെൺകുട്ടി പറയുന്നു. റോഡിലൂടെ നടന്നുപോകുമ്പോൾ മാരുതിക്കാര്‍ മുന്നിൽ വന്നു നിൽക്കുകയും അതിൽ നിന്ന് ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വന്ന് തല്ലിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. തലമുടിയിൽ പിടിച്ച് വലിക്കുകയും തലമുടി മുറിക്കുകയും ചെയ്തതായും പറയുന്നുണ്ട്.
ബഹളം വച്ചതോടെ കാറിലെത്തിയവര്‍ കടന്നുകളഞ്ഞതായും പെണ്‍കുട്ടി പറയുന്നു. സൈക്കിളില്‍ അടുത്ത വീട്ടിലുള്ള സുഹൃത്തിന് പുസ്തകം കൈമാറാന്‍ പോകുമ്പോഴായിരുന്നു സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കൊരട്ടി പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മര്‍ദനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
















