ദോഹ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിൻറെ ലോഗോ പതിച്ച നമ്പർ പ്ലേറ്റുകളുടെ ലേലം ബിഗ് ഹിറ്റായി. മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി നടന്ന ലേലത്തിൽ 50 ഫാൻസി നമ്പറുകളാണ് ആവശ്യക്കാർക്കായി ലേലം ചെയ്തത്.
ഫാൻസി നമ്പറുകൾക്ക് മത്സരം കൂടിയതോടെ 18 ലക്ഷം റിയാൽ (3.84 കോടി രൂപ) വരെയാണ് ഒരു നമ്പർ പ്ലേറ്റിന് ലഭിച്ചത്. 811118 എന്ന നമ്പറിനാണ് റെക്കോഡ് വില ലഭിച്ചത്. 666662 എന്ന നമ്പറിന് 17 ലക്ഷം റിയാലും നൽകി വാഹന ഉടമകൾ സ്വന്തമാക്കി. ലേലത്തിന് വെച്ച 50 നമ്പറുകളിൽ ഏറ്റവും കുറഞ്ഞ തുക രണ്ടു ലക്ഷം റിയാലാണ് (42 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ).
നമ്പറുകൾ ലഭിച്ചവർ നാലു ദിവസത്തിനകം ട്രാഫിക് വിഭാഗത്തിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓൺലൈൻ വഴിയാണ് ലേലം സംഘടിപ്പിച്ചത്.
















