തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകളിൽ ആധാർ, ഭൂമികൈമാറ്റം ചെയ്യുന്നവരുടെ ബാങ്ക് പാസ് ബുക്കിൻറെ പകർപ്പ്, ഫോറങ്ങൾ എന്നിവ കുന്നുകൂടുന്നു. ആധാർ കാർഡിൻറെ പകർപ്പ് ഉൾപ്പെടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടങ്ങിയ രേഖകളുടെ കോപ്പികൾ സബ് രജിസ്ട്രാർ ഓഫിസുകളിൽ സൂക്ഷിക്കാൻ സംവിധാനമില്ല. ആധാർ ഉൾപ്പെടെയുള്ള ഇൗ രേഖകൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക വ്യാപകമാണ്.
ഭൂമികൈമാറ്റം പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയും ഓഫിസുകൾ പേപ്പർ രഹിതമാക്കുകയും ചെയ്യുമ്പോൾ സബ് രജിസ്ട്രാർ ഓഫിസുകളിൽ ഇടപാടുകൾക്കായി എത്തുന്നവരിൽ നിന്ന് സ്വകാര്യ വിവരരേഖകളുടെ പകർപ്പുകൾ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ഇതേവരെ നടപ്പായില്ല.
ഓരോ രജിസ്ട്രേഷനും കൈമാറ്റം ചെയ്യുന്നവരിൽ നിന്നും പ്രത്യേകം പ്രത്യേകം ആധാർ പകർപ്പുകൾ വാങ്ങുന്നത് പതിവാണ്. രജിസ്ട്രേഷൻ നടപടികളിലെ ലളിതവത്കരണത്തിൻറെ ഭാഗമായി ആധാരങ്ങൾ ഫോം രൂപത്തിൽ ഓൺലൈൻ വഴി തയാറാക്കുന്നതിനുള്ള സൗകര്യം വരെ രജിസ്ട്രേഷൻ വകുപ്പിൻറെ പേൾ സംവിധാനത്തിൽ ഒരുക്കിയെങ്കിലും ആധാർ ഉൾപ്പെടെ രേഖകൾ പേപ്പർ രഹിതമായി സംരക്ഷിക്കാൻ സംവിധാനമില്ല.
















