കോട്ടയം: കോട്ടയം വഴിയുള്ള ഇരട്ടപ്പാത യാഥാര്‍ഥ്യമായി. ഏറ്റുമാനൂര്‍–ചിങ്ങവനം പാത കമ്മിഷന് ചെയ്തു. പാതയിലൂടെ ആദ്യം കടന്നുപോയത് പാലരുവി എക്സ്പ്രസാണ്.
ഏറ്റുമാനൂരിൽനിന്നു പുതിയ ട്രാക്കിലൂടെ എത്തിയ പാലക്കാട് ജംക്‌ഷൻ – തിരുനൽവേലി പാലരുവി എക്സ്പ്രസ് 9.42ന് കോട്ടയം സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തതോടെ പാതയ്ക്ക് ഔദ്യോഗിക ഉദ്ഘാടനമായി. തോമസ് ചാഴികാടൻ എംപി, ഡിആർഎം മുകുന്ദ് രാമസ്വാമി, ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ രാജേന്ദ്ര പ്രസാദ് ജിംഗാർ, ചീഫ് എൻജിനീയർ വി.രാജഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ കോട്ടയം സ്റ്റേഷൻ മാനേജർ ബാബു തോമസാണു ഫ്ലാഗ് ഓഫ് ചെയ്തത്.
ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള ഇരട്ടപ്പാത പൂർണമായും ഗതാഗതയോഗ്യമാക്കി മധ്യകേരളത്തിലെ യാത്രാ വികസന രംഗത്ത് പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന നേട്ടമാണ് റെയിൽവേ യാഥാർഥ്യമാക്കിയത്. കോട്ടയം റെയിൽവേ സ്റ്റേഷൻ മുതൽ മുട്ടമ്പലം വരെയുള്ള ഭാഗത്ത് രണ്ടു ട്രാക്കും പുതിയതായി നിർമിച്ചിരുന്നു.
ഈ ഭാഗത്തു കൂടി കഴിഞ്ഞ ദിവസം രാത്രിയിൽ ആദ്യമായി കടന്നു പോയത് തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റായിരുന്നു. സ്ഥലമേറ്റെടുപ്പിലെ തടസം മൂലം അവശേഷിച്ച ഏറ്റുമാനൂർ – ചിങ്ങവനം (16.70) കിലോമീറ്റർ പാതയാണ് ഇരട്ടിപ്പിച്ചത്.
നേരത്തെ സുരക്ഷാ കമ്മീഷണറുടെ ട്രോളി പരിശോധനയും, എഞ്ചിൻ പരിശോധനയും പൂര്‍ത്തിയാതോടെയാണ് കോട്ടയം വഴിയുള്ള ഇരട്ടപ്പാതയിലൂടെ ഗതാഗതം തുടങ്ങാൻ അനുമതി ലഭിച്ചത്. ഇരട്ടപ്പാതയിൽ സര്‍വ്വീസ് തുടങ്ങിയെങ്കിലും കോട്ടയം റെയിൽവെ സ്റ്റേഷനിലെ നവീകരണ പ്രവർത്തികളും പൂർത്തിയാക്കിയതിന് ശേഷം ഉദ്ഘാടനം നടത്താനാണ് തീരുമാനം. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് 21 ട്രെയിനുകൾ റദ്ദാക്കിയിരുന്നു.ഈ തീവണ്ടികളെല്ലാം ഇന്ന് അര്‍ധരാത്രി മുതൽ സര്‍വ്വീസ് പുനരാരംഭിക്കും.
പരശുറാം എക്പ്രസ്, ജനശതാബ്ദി അടക്കമുള്ള തീവണ്ടികളാണ് റദ്ദാക്കിയവയിൽ പ്രധാനം. മംഗളൂരു-നാഗർകോവിൽ പരശുറാം, നാഗർകോവിൽ-മംഗളൂരു പരശുറാം എന്നിവ റദ്ദാക്കി. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് നേരത്തേ പൂർണമായും റദ്ദാക്കിയിരുന്നെങ്കിലും ഷൊർണൂർ വരെ ഓടുന്ന വിധത്തിൽ ക്രമീകരിച്ചത്.
















