തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജ് ഞായറാഴ്ച ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കിൽ നിയമനടപടിയെന്ന് പോലീസ്. ചോദ്യം ചെയ്യലിനു ഹാജരാകാത്തത് കോടതിയെ അറിയിക്കുമെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കും. വെണ്ണലയിൽ പ്രസംഗിച്ചാൽ നിയമനടപടിയുണ്ടാകും. നിയമവശങ്ങൾ ആലോചിച്ച് ജോർജിനെതിരെ തുടർനടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങൾ മൂലം ചോദ്യം ചെയ്യലിനു ഹാജരാകാൻ കഴിയില്ലെന്നാണ് ജോർജ് പോലീസിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ തൃക്കാക്കരയിൽ സ്വീകരണ പരിപാടികളിൽ പങ്കെടുക്കുമെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
വിദ്വേഷ പ്രസംഗ കേസിൽ മൊഴിയെടുക്കാനായി നാളെ തിരുവനന്തപുരം ഫോർട്ട് അസി. കമ്മിഷണർ ഓഫീസിൽ ഹാജരാകാനായിരുന്നു പൊലീസിൻ്റെ നിർദേശം നിർദേശം. എന്നാൽ അനാരോഗ്യം മൂലം നാളെ ചോദ്യം ചെയ്യല്ലിന് ഹാജരാവാനാവില്ലെന്ന് കാണിച്ച് ജോർജ് പൊലീസിന് മറുപടി നൽകി. പൊലീസ് നിർദേശിക്കുന്ന മറ്റൊരു തീയതിക്ക് ചോദ്യം ചെയ്യല്ലിന് ഹാജരാവാമെന്നും ജോർജ് വ്യക്തമാക്കി. ഇതോടെ ജോർജിന് പൊലീസ് വീണ്ടും നോട്ടീസ് നൽകി. പൊലീസിന് മുൻപിൽ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി.കമ്മീഷണർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
എന്നാൽ നാളെ തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോകുകയാണെന്നും കൊച്ചിയിൽ പോയി ചോദ്യം ചെയ്യല്ലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോർജ് മറുപടിയിൽ പറയുന്നു. നാളെ ആരോഗ്യപരിശോധനയ്ക്ക് വേണ്ടി തനിക്ക് ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ നാളെ കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യല്ലിന് ഹാജരാവാം എന്നാണ് പിസിയുടെ മറുപടിയിൽ പറയുന്നത്.
















