തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജ് ഞായറാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം ഫോർട്ട് പോലീസിനെ അറിയിച്ചു. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പോലീസ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.
അതേസമയം നാളെ പിസി ജോർജ്ജ് തൃക്കാക്കരയിൽ പ്രചരണത്തിന് എത്തും എന്നു തന്നെയാണ് ഇപ്പോഴും ലഭിക്കുന്ന വിവരം. നാളെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പിസി ജോർജ് പ്രചാരണം നടത്തും എന്നാണ് നേരത്തെ ബിജെപി അറിയിച്ചിരുന്നത്. പൊലിസിൻ്റെ നോട്ടീസ് അവഗണിച്ച് ജോർജ് തൃക്കാക്കരയിലേക്ക് പോയാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങിയേക്കും.
ഞായറാഴ്ച തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രിക്കെതിരായി പ്രതികരിക്കുമെന്ന് പി.സി ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയുമെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ജോർജിന്റെ വെല്ലുവിളി.
















