ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പിതാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശി അഷ്‌കറിനെയാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ, ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അഷ്‌കറിന്റെയും കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ നാളെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കും.
കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്ക്കർ മുസാഫറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറയുന്നത്.
കുട്ടിയുടെ മുദ്രാവാക്യം വിളിയെ പിതാവ് ന്യായീകരിച്ചു. ‘ഇത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്.ഒരു ചെറിയ കുട്ടിയെ ഇത്രമാത്രം ഹറാസ് ചെയ്യാനായി എന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?. സംഘപരിവാറിനെ മാത്രമാണ് പറഞ്ഞത്. ഇതിലെന്താണ് തെറ്റ്?’ ഇതില്‍ ഒരു കഴമ്പുമില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
















