കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31 ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ നടത്തുന്നതും എക്‌സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെയുള്ള യാതൊരു തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്‌ട്രോണിക് മീഡിയയിൽ 29ന് വൈകുന്നേരം ആറ് മണി മുതൽ 31ന് വൈകുന്നേരം ആറ് മണി വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഇതിനിടെ തൃക്കാക്കരയിൽ കള്ളവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. തൃക്കാക്കരയിലെ ബൂത്ത് നമ്പർ 161ൽ 5 വ്യാജ വോട്ടുകൾ ചോർത്തെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പല വോട്ടർമാർക്കും അഷ്റഫ് എന്നയാളെയാണ് രക്ഷകർത്താവ് ആയി ചേർത്തിട്ടുള്ളത്. യുഡിഎഫ് നൽകിയ 3000 വോട്ടർമാരുടെ അപേക്ഷ തള്ളിക്കളഞ്ഞു. ഭൂരിപക്ഷം കുറയ്ക്കാൻ 6000 അപേക്ഷകൾ തള്ളിയെന്ന് അദ്ദേഹം വ്യകത്മാക്കി. കള്ളവോട്ട് ചെയ്യാൻ ആരും തൃക്കാക്കരയിലേക്ക് വരേണ്ട. അങ്ങനെ വന്നാൽ ജയിലിലേക്ക് പോകാൻ തയ്യാറായി വരണമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
സ്ഥലത്തില്ലാത്തതും മരിച്ചുപോയതുമായി വോട്ടർമാരുടെ പേരുകൾ കണ്ടെത്തി പോളിംഗ് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്കും ജില്ലാ കളക്ടർക്കും നൽകും. ഏതെങ്കിലും തരത്തിൽ കള്ളവോട്ടിന് ശ്രമമുണ്ടായാൽ അത് കണ്ടെത്താൻ യുഡിഎഫിന് ശക്തമായ മെക്കാനിസം ഇക്കുറി ഉണ്ടെന്നും സതീശൻ പറഞ്ഞു.
അതേസമയം തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർ സി പി എം പ്രവർത്തകരാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. പാലക്കാട് അറസ്റ്റിലായ ശിവദാസനും കൊല്ലം ശക്തികുളങ്ങരയിൽ അറസ്റ്റിലായ ആളും സി പി എം പ്രവർത്തകരാണ്. വോട്ട് കിട്ടാൻ എന്തും ചെയ്യുന്നവരാണ് സി പി എം പ്രവർത്തകർ. പാർട്ടി സെക്രട്ടറിയുടെ കട്ടിലിനടിയിൽ ഒളിക്യാമറ വച്ച ചരിത്രമുള്ളവരാണ് എറണാകുളത്തെ പാർട്ടി പ്രവർത്തകർ. തോൽവി ഉറപ്പായ എൽ ഡി എഫ്, വ്യാജ വീഡിയോ കച്ചിത്തുരുമ്പ് ആക്കാനുള്ള ശ്രമത്തിലാണെന്നും വി ഡി സതീശൻ ആരോപിച്ചു. സ്ഥാനാർഥിക്കെതിരായ അപവാദ വീഡിയോ ആര് പ്രചരിപ്പിച്ചാലും അത് തെറ്റാണ്. അതിൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും തെറ്റാണെന്നും സതീശൻ പറഞ്ഞു.
















