തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലാനുള്ള മാർഗനിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറങ്ങി. ജനവാസ മേഖലകളിൽ നാശം വരുത്തുന്ന കാട്ടുപന്നിയെ അനുയോജ്യ മാർഗങ്ങളിലൂടെ നശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയർമാൻ, മേയർ എന്നിവർക്കാണ് ഇതിന് അനുമതിയുള്ളത്. വിഷം,സ്‌ഫോടക വസ്തു, വൈദ്യുതി ഷോക്ക് എന്നീ മാർഗങ്ങളിലൂടെ കൊല്ലാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. നിലവിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻമാർക്ക് മാത്രമാണ്.
നിബന്ധനകൾ
* അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവച്ചിടാന്‍ ഉത്തരവിടാം, ഇതിനായി തോക്ക് ലൈസന്‍സുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം
* വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാകണം വെടിവയ്ക്കേണ്ടത്
* കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യ മൃഗങ്ങൾക്കും ഹാനിയുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.
* കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ട് നടത്തണം
* കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിക്കണം.
* കാട്ടുപന്നികളെ കൊല്ലാനും ജഡം സംസ്കരിക്കാനും ജനജാഗ്രതാ സമിതികളുടെ സേവനം പ്രയോജനപ്പെടുത്താം.
ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചിരുന്നു. പകരം അപകടകാരികളായ കാട്ടുപന്നികളെ തുരത്താനോ ആവശ്യമെങ്കിൽ ഇല്ലാതാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. വന്യജീവി നിയമം കര്‍ശനമായി പാലിച്ചുകൊണ്ടാകണം നടപടികൾ. ഇതുപ്രകാരം ചീഫ് വൈൽഫ് ലൈഫ് വാർഡന്‍റെ ഉത്തരവനുസരിച്ച് 2600 ലേറെ പന്നികളെ വെടിവച്ചുകൊന്നിരുന്നു.
















