കൊച്ചി: വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടെയും തിണ്ണ നിരങ്ങില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് വരാനിരിക്കുന്ന കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിർണായക ചലനങ്ങളുണ്ടാക്കും. മതേതര കേരളത്തിന് ഊർജം പകരുന്ന നിലപാടാണ് യു.ഡി.എഫ് എടുത്തിരിക്കുന്നത്. മതേതരവാദികളുടെ വോട്ട് യു.ഡി.എഫിന് ലഭിക്കും. അതായിരിക്കും കേരളത്തിന്റെ രാഷ്ട്രീയ സമൂഹിക രംഗങ്ങളെ നിയന്ത്രിക്കാൻ പോകുന്ന സുപ്രധാന ഘടകം. തൃക്കാക്കരയിൽ പി.ടി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ആലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം നടക്കുമ്പോൾ മുൻ മന്ത്രിയെ വിട്ട് പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും വോട്ട് കിട്ടാനുള്ള ചർച്ചയിലായിരുന്നു മുഖ്യമന്ത്രി. വർഗീയ സംഘർഷം നിലനിൽക്കുന്ന സ്ഥലത്ത് കൊലവിളി മുദ്രാവാക്യം വിളിക്കാൻ സർക്കാറാണ് അനുമതി നൽകിയത്. കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. വർഗീയ സംഘർഷങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ തലതിരിഞ്ഞ സോഷ്യൽ എൻജിനീയറിങ്ങാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവയ്ക്കുന്നത് സി.പി.എമ്മിന് ഇഷ്ടമുള്ള ആളുകളുടെ പേരുകൾ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടാണ്. മുഖ്യമന്ത്രിയും സി.പി.എമ്മുമാണ് കെ-റെയിലിനെ കുറിച്ച് മിണ്ടാത്തത്. കമീഷൻ റെയിൽ കേരളത്തെ ശ്രീലങ്കയാക്കും.
















