തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ തത്വത്തിൽ അംഗീകരിച്ച സബർബൻ റെയിൽവേ പദ്ധതി വേണ്ടെന്നുവെക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് പകരം യു.ഡി.എഫ്. സർക്കാർ 2013ൽ അവതരിപ്പിച്ച പദ്ധതിയാണ് സബർബൻ റെയിൽ പദ്ധതി. ഇത് നടപ്പാക്കാൻ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വളവുകൾ നിവർത്തി ഒട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം പരിഷ്‌കരിച്ചാൽ മതി. അതിന് ആകെ വേണ്ടത് 15,000 കോടി രൂപയും 300 ഏക്കർ സ്ഥലവുമാണ്. ഇത് വേണ്ടെന്നുവെച്ച് രണ്ട് ലക്ഷം കോടിയിലേറെ രൂപ ചെലവ് വരുന്നതും 1,383 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതും പാരിസ്ഥിതികമായി വിനാശകരവുമായ സിൽവർ ലൈൻ നടപ്പാക്കാനുള്ള പിണറായി സർക്കാറിന്റെ തീരുമാനം കേരളത്തിന്റെ സർവനാശത്തിന് വഴി തെളിക്കുന്നതാണ്.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2016 ജൂൺ 13ന് പൊതുമരാമത്ത്- റെയിൽവേ മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സബർബൻ റെയിൽ പദ്ധതി തത്വത്തിൽ അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനക്ക് അയക്കാൻ തീരുമാനിച്ചതാണ്. ഇതനുസരിച്ച് സബർബൻ റെയിൽവേ പദ്ധതി മന്ത്രിസഭ പരിഗണിച്ചോ എന്നും ഇല്ലെങ്കിൽ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രിസഭ ഇത് പരിഗണിച്ചെങ്കിൽ പദ്ധതി വേണ്ടെന്നു വെക്കാൻ തീരുമാനിക്കാനുള്ള കാരണം പൊതുസമൂഹത്തിന് മുമ്പിൽ വെളിപ്പെടുത്താൻ മുഖ്യന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
















