തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്ത് പഴകിയ എണ്ണ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന നടത്തുക. പഴകിയ എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ടിപിസി മോണിറ്ററിലൂടെ പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്ന് വേഗത്തിലറിയാന്‍ കഴിയും. വിപണിയില്‍ വില്‍ക്കുന്ന എണ്ണയില്‍ മായം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 4290 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 331 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 412 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 429 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
















