തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പാലോട് സ്വദേശി ബിജുവാണ് സ്വയം തീകൊളുത്തിയത്. ഏറെ പരിശ്രമത്തിനൊടുവിലാണ് പൊലീസുകാർ തീ കെടുത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
25ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പുത്തൂർ സ്റ്റേഷനിൽ പരാതിക്കാരൻ പരാതി നൽകിയിരുന്നു. ബിജുവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ കുടുംബവീട്ടിൽ ഉണ്ടെന്ന് പൊലീസുകാർ അറിയിച്ചു. ഇന്ന് രാവിലെ പുത്തൂർ സ്റ്റേഷനിലും ആത്മഹത്യാശ്രമം നടത്തിയതായാണ് റിപ്പോർട്ടുകൾ. പിന്നാലെയാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ബിജു ആര്യനാട് സ്റ്റേഷനിലെത്തിയത്. പരാതിയിൽ പൊലീസ് എടുത്ത നടപടികൾ വിശദീകരിച്ചെങ്കിലും പരാതിക്കാരൻ സ്റ്റേഷനിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
















