തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വനിതാ സാമാജികരുടെ ദേശീയസമ്മേളനം ജനാധിപത്യത്തിന്റെ ശക്തിയാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ പണ്ടു മുതല്‍ വനിതകള്‍ ഭരണസാരഥ്യം വഹിച്ചിരുന്നതായി പുരാണങ്ങള്‍ മുതല്‍ ചരിത്രരേഖകളില്‍ വരെ ഇതിനു തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധീരതയുടെ പര്യായമായിരുന്നു ഝാന്‍സി റാണി. സ്വാതന്ത്ര്യസമരത്തിലെ ആദ്യ വനിതാ സത്യാഗ്രഹ നായിക കസ്തൂര്‍ബാ ഗാന്ധിയെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ പാര്‍ലമെന്റിലെയും വിവിധ നിയമസഭകളിലെയും വനിതാ അംഗങ്ങളുടെ ദേശീയസമ്മേളനത്തിനാണ് കേരള നിയമസഭ ആതിഥ്യം വഹിക്കുന്നത് . മെയ് 26, 27 തീയതികളില്‍ ആണ് ദേശീയ സമ്മേളനം നടക്കുന്നത് . രണ്ടു ദിവസത്തെ സമ്മേളനത്തില്‍ നാലു സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.ഇന്ത്യന്‍ പാര്‍ലമെന്റിലെ ഇരുസഭകളിലെയും വനിതകളായ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് അംഗങ്ങളും വിവിധ സംസ്ഥാന നിയമസഭകളിലെ വനിതാ സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, വനിതാ മന്ത്രിമാര്‍, സാമാജികര്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ഡെലിഗേറ്റുകള്‍. കൂടാതെ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, മാധ്യമ രംഗത്തെയും ജുഡീഷ്യറിയെയും പ്രതിനിധീകരിക്കുന്ന പ്രമുഖ വനിതകള്‍ ഈ കോണ്‍ഫറന്‍സിലെ വിവിധ സെഷനുകളില്‍ പ്രാസംഗികരായി പങ്കെടുക്കും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമൊട്ടാകെ ആഘോഷിച്ചു വരുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ എന്നപരിപാടിയുടെ തുടര്‍ച്ചയായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍തന്നെ ആദ്യമായാണ് ദേശീയ തലത്തില്‍ വനിതാ സാമാജികരുടെ ഒരു കോണ്‍ഫറന്‍സ് ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്.
‘Constitution and Women’s Rights’ എന്ന ആദ്യ സെഷനില്‍ ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ ശ്രീമതി നിമാബെന്‍ ആചാര്യ, ലോക്സഭാ അംഗം ശ്രീമതി കനിമൊഴി കരുണാനിധി , മുന്‍ ലോക്സഭാ സ്പീക്കര്‍ ശ്രീമതി മീരാ കുമാര്‍, മുന്‍ രാജ്യസഭാംഗം ശ്രീമതി ബൃന്ദ കാരാട്ട്, എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും സംസാരിക്കുന്നതാണ്. ‘Role of Women in India’s Freedom Struggle’ എന്ന രണ്ടാം സെഷനില്‍ ലോക്സഭാംഗം ശ്രീമതി സുപ്രിയാ സുലേ, രാജ്യസഭാംഗം ശ്രീമതി ജെബി മേത്തര്‍, മുന്‍ എം.പി ശ്രീമതി സുഭാഷിണി അലി എന്നിവര്‍ സംസാരിക്കും
‘Women’s Rights & Legal gaps’ എന്ന വിഷയത്തില്‍ മേയ് 27-ാം തീയതി രണ്ടാം ദിവസം നടക്കുന്ന ആദ്യ സെഷനില്‍ പശ്ചിമ ബംഗാള്‍ വനിതാ ശിശു വികസന വകുപ്പുമന്ത്രി ഡോ. ശഷി പഞ്ചാ, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍, ശ്രീമതി ജയാ ബച്ചന്‍ എം.പി. ഡല്‍ഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീമതി രാഖി ബിര്‍ല എന്നിവര്‍ പങ്കെടുക്കും.
രണ്ടാം ദിവസം രണ്ടാമത്തെ സെഷന്‍ ‘Under Representation of Women in Decision Making Bodies’ എന്ന വിഷയത്തിലാണ്. ഈ സെഷനില്‍ ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കര്‍ ശ്രീമതി റിതു ഖണ്ഡൂരി, മുന്‍ എം.പി.യും തെലുങ്കാന എം.എല്‍.സി. യുമായ ശ്രീമതി കവിതാ കല്‍വകുന്തല, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറി ശ്രീമിത ആനി രാജ എന്നിവര്‍ സംസാരിക്കുന്നതാണ്.അന്നുതന്നെ ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനം ലോകസഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള ഉദ്ഘാടനം നിര്‍വഹിക്കും.
















