പാകിസ്ഥാനില്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് മുന്‍ പ്രധാനമന്ത്രിയും പിടിഐ ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍. ‘ആറ് ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക, അല്ലെങ്കില്‍ ‘മുഴുവന്‍ രാജ്യവുമായി’ ഇസ്ലാമാബാദിലേക്ക് മടങ്ങും’,ഇസ്ലാമാബാദിലെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെ ഇമ്രാൻഖാൻ മുന്നറിയിപ്പ് നല്‍കി.
തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ച് തടയാന്‍ ശ്രമിച്ച സര്‍ക്കാര്‍ നടപടിയെ ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. റെയ്ഡുകളും അറസ്റ്റുകളും ഉള്‍പ്പെടെയുള്ള തന്ത്രങ്ങളിലൂടെ മാര്‍ച്ച് തടയാന്‍ ‘ഇറക്കുമതി ചെയ്ത സര്‍ക്കാര്‍’ ശ്രമിച്ചെന്നും വിഷയത്തില്‍ ഇടപെട്ട സുപ്രീകോടതിയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് പാക് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്താക്കപ്പെട്ടത്. അന്ന് മുതല്‍ പുതിയ തിരഞ്ഞെടുപ്പ് അദ്ദേഹവും പാര്‍ട്ടിയും ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇസ്ലാമാബാദിലെ ഡി-ചൗക്കില്‍ പ്രതിഷേധ യോഗം ചേരാന്‍ ഇമ്രാന്‍ ആഹ്വാനം ചെയ്തത്. പ്രതിഷേധ പരിപാടിക്ക് അറസ്റ്റ് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികളും കോടതി തടഞ്ഞിരുന്നു. ഇതിനിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ആഹ്വാനം ചെയ്ത ആസാദി മാര്‍ച്ച് പിന്‍വലിച്ചു. അക്രമാസക്തരായ അനുയായികള്‍ മെട്രോ സ്റ്റേഷന് തീയിട്ടു. ആയിരക്കണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്റെ റാലിയില്‍ പങ്കെടുത്തിരിക്കുന്നത്. പോലീസ് ബാരിക്കേഡുകളും മറ്റും മറികടക്കാന്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച് അക്രമാസക്തമായത്.
















