ഛണ്ഡിഗഡ്: ഹരിയാനയിൽ എട്ട് മുൻ എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു. ഹരിയാന പിസിസി അധ്യക്ഷൻ ഉദയ് ഭാനിന്റെയും പ്രതിപക്ഷനേതാവ് ഭൂപീന്ദർ സിങ് ഹൂഡയുടെയും സാന്നിധ്യത്തിലാണ് ഇവർ കോൺഗ്രസിൽ ചേർന്നത്.
ലോക്തന്ത്ര സുരക്ഷാ പാർട്ടി പ്രസിഡന്റ് കിശൻലാൽ പഞ്ചൽ, ശാരദ റാത്തോഡ്, രാം നിവാസ് ഖൊരേല, നരേഷ് സെൽവാൾ, പർവിന്ദർ ധൾ, സിലെ രാം ശർമ, രാകേഷ് കംബോജ്, രാജ് കുമാർ ബാൽമീകി, സുഭാഷ് ചൗധരി എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.
കൂടുതൽ നേതാക്കൾ കോൺഗ്രസിൽ ചേരുന്നത് 2024ൽ നടക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കരുത്താവുമെന്ന് പിസിസി അധ്യക്ഷൻ പറഞ്ഞു.
അതേസമയം, കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ എണ്ണംപറഞ്ഞ അഞ്ച് കോൺഗ്രസ് നേതാക്കളാണ് പാർട്ടിവിട്ടത്. അതിൽ ഒടുവിലത്തെ പേരാണ് കപിൽ സിബൽ. പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ, ഗുജറാത്തിലെ യുവ നേതാവ് ഹാർദിക് പട്ടേൽ, മുതിർന്ന നേതാവ് അശ്വനി കുമാർ, മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിംഗ് എന്നിവരാണ് അടുത്തിടെ പാർട്ടിവിട്ടത്.
















