നീലേശ്വരം: റോഡിലൂടെ മഴവെള്ളം ഒഴുകിവരുന്ന പൊതുഓടകൾ സ്വകാര്യവ്യക്തി അടച്ചതിനെ തുടർന്ന് ബ്ലോക്ക് ഓഫിസ് പട്ടേന ജങ്ഷൻ റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നു.
മലിനജലം സമീപത്തെ പറമ്പുകളിലേക്ക് ഒഴുകി കിണറിലെ കുടിവെള്ളവും ഉപയോഗശൂന്യമായി. ബ്ലോക്ക് ഓഫിസ് പരിസരത്തെ ചിന്മയ വിദ്യാലയത്തിനുസമീപം താന്നിയന്തടത്താണ് ഓടകൾ അടച്ചതിനെതുടർന്ന് റോഡിൽ വെള്ളം കെട്ടിക്കിടക്കുകയും കുടിവെള്ളം മലിനമാവുകയും ചെയ്തത്.
റോഡിൽ വെള്ളംകെട്ടിക്കിടന്നതിനെത്തുടർന്ന് ഒരുസംഘം ആളുകൾ തൊട്ടടുത്ത് താമസിക്കുന്ന നിഷ നിവാസിൽ എ.വി. രഞ്ജിത്ത്കുമാറിന്റെ മതിൽ കുത്തിപ്പൊളിച്ച് റോഡിൽനിന്നുള്ള വെള്ളം പറമ്പിലേക്ക് ഒഴുക്കിവിട്ടതോടെ തൊട്ടടുത്ത വീട്ടിലെയും കിണർ വെള്ളം മലിനമായി.
ബ്ലോക്ക് ഓഫിസ് പരിസരം മുതലുള്ള മാലിന്യം അടങ്ങിയ വെള്ളമാണ് ഇവരുടെ കിണറിലേക്ക് ഒഴുകിയത്. റോഡിൽ വെള്ളം തടംകെട്ടിക്കിടക്കുന്നതുകാരണം വാഹനങ്ങൾക്ക് കടന്നുപോകാനും ഏറെ പ്രയാസമാണ്. ഇതുസംബന്ധിച്ച് ജില്ല കലക്ടർക്കും മനുഷ്യാവകാശ കമീഷനും നീലേശ്വരം നഗരസഭ സെക്രട്ടറിക്കും രഞ്ജിത്ത്കുമാർ പരാതി നൽകി. ബ്ലോക്ക് ഓഫിസ് മുതൽ പട്ടേന വരെ ഓവുചാൽ നിർമിച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി കുടിവെള്ളം മലിനമാകുന്നത് തടയണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
















