മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ യുദ്ധം തുടങ്ങിയ ശേഷം വധശ്രമം നടന്നതായി യുക്രൈൻ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പുടിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹം പരക്കുന്നതിനിടെ യുക്രൈൻ പ്രതിരോധ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ കിറിലോ ബുധനോവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയിൽവെച്ചാണ് വധശ്രമം നടന്നതെന്ന് ‘യുക്രൈൻസ്‌ക പ്രവ്ദ’ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. തലനാരിഴക്കാണ് പുടിൻ രക്ഷപ്പെട്ടത്.
എക്കാലവും അധികാരത്തിൽ തുടരാമെന്നാണ് പുടിന്റെ മോഹം. എന്നാൽ, ലോകത്തെ എല്ലാ ഏകാധിപതികൾക്കും സംഭവിച്ചത് തന്നെയാണ് പുടിനെയും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബുധനോവിന്റെ അവകാശവാദത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.
















