ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. 153 എ വകുപ്പ് പ്രകാരം മത സ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തതിരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഇന്ന് ഉച്ചയ്ക്ക് തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് പത്തുവയസുകാരന്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
















