ന്യൂഡല്‍ഹി: വിനയ് കുമാര്‍ സക്‌സേന ഡല്‍ഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറാകും. വിനയ് കുമാറിനെ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവന്‍ പുറപ്പെടുവിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുതിയ ലഫ്റ്റനന്റ് ഗവർണറെ സ്വാഗതം ചെയ്തു. “പുതുതായി നിയമിതനായ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയെ ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു. ഡൽഹിയുടെ പുരോഗതിക്കായി സർക്കാരിന്റെ പൂർണ സഹകരണം ലഭിക്കും.”- കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
നിലവിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ചെയർമാനാണ് വിനയ് കുമാർ സക്‌സേന. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് പകരമാണ് സക്‌സേന എത്തുന്നത്.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മേയ് 18-ന് അനില്‍ ബൈജാല്‍ രാജിസമര്‍പ്പിച്ചതിന് പിന്നാലെയാണ് വിനയ് കുമാര്‍ രാജ്യതലസ്ഥാനത്തെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്നത്. സിവില്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന അനില്‍, 2016-ലായിരുന്നു ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തെത്തിയത്.
















