ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശാ വർക്കർമാർക്ക് ആദരവുമായി ലോകാരോഗ്യ സംഘടന . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിച്ചതിനും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എത്തിച്ചതിനുമാണ് ഈ അംഗീകാരം.ആരോഗ്യരംഗത്തു മികച്ച സംഭാവനകൾ നൽകുകയും സംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും പ്രാദേശിക ആരോഗ്യ പ്രശ്നങ്ങളോടു പ്രതിബദ്ധത പുലർത്തുകയും ചെയ്തതിനുമാണ് പുരസ്‌കാരങ്ങൾ. ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് പുരസ്കാരം ഇന്നലെ 75 ാം ലോകാരോഗ്യ അസംബ്ലിയുടെ ലൈവ് സ്ട്രീമിങ്ങിലാണു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം പ്രഖ്യാപിച്ചത്. 6 പുരസ്കാരങ്ങളാണ് ലഭിച്ചത്
വാക്സീൻ മൂലം തടയാൻ കഴിയുന്ന രോഗങ്ങൾക്കെതിരെ കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പും മാതൃ പരിചരണവും നൽകുന്നതിന് ആശാ വർക്കർമാർ മുൻകൈയെടുക്കുന്നതിനെ ലോകാരോഗ്യസംഘടന പ്രശംസിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ പോളിയോ വാക്സീൻ വിതരണത്തിനിടെ അഫ്ഗാനിസ്ഥാനിൽ ഭീകരരാൽ വധിക്കപ്പെട്ട പോളിയോ വാക്സിനേഷൻ സംഘവും പുരസ്കാരത്തിന് അർഹരായി. ഇതിൽ 4 പേർ സ്ത്രീകളാണ്. റുവാണ്ടയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അന്തരിച്ച സർക്കാരിതര സംഘടനയായ പാർട്‌നേഴ്‌സ് ഇൻ ഹെൽത്തിന്റെ സഹസ്ഥാപകൻ ഡോ. പോൾ ഫാർമറും ബഹുമതി ലഭിച്ചവരിൽ പെടുന്നു.
















