ഹോഷിയപുർ: പഞ്ചാബിൽ 100 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ആറു വയസ്സുകാരൻ മരിച്ചു. കുടിയേറ്റ തൊഴിലാളികളുടെ മകനായ ഹൃതിക് റോഷനാണ് മരിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ കുട്ടിയെ വൈകീട്ടോടെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചെന്ന് സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബൈറാംപുറിലെ ഖിയല ബുലൻഡ ഗ്രാമത്തിലാണ് സംഭവം. വയലിൽ കളിക്കുന്നതിനിടെ ഓടിച്ച തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാനായി കുഴൽക്കിണറിന്റെ ഷാഫ്റ്റിന് മുകളിൽ കയറുകയായിരുന്നു കുട്ടി. ഈ ഭാഗം ചാക്ക് കൊണ്ട് മൂടിയ നിലയിലായിരുന്നു. ഹൃത്വിക് കയറിയതോടെ ചാക്ക് നീങ്ങുകയും കുട്ടി അകത്തേക്ക് വീഴുകയുമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഹൃത്വികിന്റെ മാതാപിതാക്കൾ ഇരുവരും സംഭവം നടക്കുമ്പോൾ സമീപത്തില്ലായിരുന്നു.
കുഴൽക്കിണറിന് സമാന്തരമായി തുരങ്കം കുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിയുടെ സ്ഥിതിയറിയാൻ കുഴൽക്കിണറിനകത്തേക്ക് ക്യാമറ വച്ചിരുന്നു. പൈപ്പ് വഴി ഓക്സിജനും നൽകി. എന്നാൽ പുറത്തെടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ഡപ്യൂട്ടി കമ്മിഷണർ സന്ദീപ് ഹാൻസ് ഉൾപ്പെടെയുള്ള ജില്ലാ ഭരണകൂടത്തിന്റെ വിവിധ സംഘങ്ങൾ, ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘം, ആരോഗ്യ സംഘം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
















