മുംബൈ: പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ച് മഹാരാഷ്ട്ര സർക്കാർ. പെട്രോളിന് 2.08 രൂപയും ഡീസലിന് 1.44 രൂപയുമാണ് സർക്കാർ കുറച്ചത്. വാറ്റ് കുറച്ചതിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാരിന് പെട്രോളിന് 80 കോടി രൂപയും ഡീസലിന് 125 കോടി രൂപയും പ്രതിമാസം നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 2,500 കോടി രൂപയുടെ വരുമാന നഷ്ടം സർക്കാരിന് ഉണ്ടാകും.
എക്സൈസ് തീരുവ കുറയ്ക്കുകയും വാറ്റ് കുറയ്ക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തിന് ശേഷം മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 109.27 രൂപയും ഡീസലിന് 95.84 രൂപയുമാണ് വില.
പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ച കേന്ദ്രസർക്കാർ നടപടി പോരായെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച അവകാശപ്പെട്ടിരുന്നു.
അപ്രതീക്ഷിത നടപടിയിലൂടെ കേന്ദ്രസർക്കാർ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചിരുന്നു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില ഇന്ന് മുതൽ നിലവിൽ വന്നിരിക്കുകയാണ്. രാജ്യത്ത് പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അവശ്യസാധനങ്ങളുടെ വില വർധന കൂടിയായതോടെ സർക്കാറിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചത്.
















