ന്യൂഡല്‍ഹി: ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിന്റെ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നവംബർ 21നും ഇന്നലെയും കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങൾക്കില്ല. രണ്ട് തവണ എക്സൈസ് തീരുവ കുറച്ചതിലൂടെ 2,20000 കോടിയുടെ പ്രതിവർഷ വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അധിക എക്സൈസ് തീരുവ, റോഡ് സെസ്, കാർഷിക, പശ്ചാത്തല വികസന സെസ് എന്നിവ ചേർന്നാണ് ഇന്ധന വിലയിലെ എക്സൈസ് തീരുവ വരുന്നത്. സംസ്ഥാനങ്ങളുമായി പങ്കിടുന്നത് അടിസ്ഥാന എക്സൈസ് തീരുവ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പെട്രോളിന് ലിറ്ററിന് കുറച്ച എട്ട് രൂപയും ഡീസലിന് കുറച്ച ആറ് രൂപയും പൂര്‍ണമായും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 2021 നവംബറില്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചതും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസില്‍ തന്നെയാണ്. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്‌സൈസ് തീരുവയില്‍ തൊട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
അതിനാല്‍ തന്നെ രണ്ട് വട്ടമായി വരുത്തിയ നികുതിയിളവിന്റെ ബാധ്യതയും കേന്ദ്രത്തിന്റെ ചുമലിലാണ്. ഇന്നലത്തെ നികുതിയിളവ് പ്രതിവര്‍ഷം 1,00,000 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കുന്നത്. കഴിഞ്ഞ നവംബറിലെ നികുതിയിളവ് 1,20,000 കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടാക്കിയത്. ഈ രണ്ട് നികുതിയിളവിലൂടെ 2,20,000 കോടിയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 60 ദിവസം കൊണ്ട് പെട്രോൾ വിലയിൽ 10 രൂപയാണ് കൂട്ടിയതെന്ന് രൺദീപ് സുർജേവാല പറഞ്ഞു. ഇത്രയും വില കുത്തനെ കൂട്ടിയ ശേഷം ഇപ്പോൾ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ച് ജനങ്ങളെ പറ്റിക്കരുത്. ഡീസലിന് പത്ത് രൂപ വർധിപ്പിച്ചിട്ട് ഇപ്പോൾ കുറച്ചത് ഏഴ് രൂപ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
















