പുനലൂർ: അടിസ്ഥാനസൗകര്യമില്ലാതെ കിയോസ്കിൽ ഒരുക്കിയ എക്സൈസ് ചെക്പോസ്റ്റിലെ ജീവനക്കാർ വീർപ്പുമുട്ടുന്നു. ശാസ്ത്രീയമായ പരിശോധന സാമഗ്രികളും ഇല്ലാത്തത് കാരണം പരിശോധനയും നാമമാത്രമാകുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട അതിർത്തി ചെക്പോസ്റ്റുകളിലൊന്നായ ആര്യങ്കാവിലെ എക്സൈസിൻറെ പ്രവർത്തനമാണ് താളം തെറ്റുന്നത്. കഞ്ചാവ് അടക്കം ഏറ്റവുംകൂടുതൽ ലഹരി വസ്തുക്കൾ കടത്തുന്ന മേഖല കൂടിയാണിത്.
പാതയോരത്തെ ടാർപ്പോളിൻ മേഞ്ഞ ഷെഡിൽ രാപ്പകൽ വ്യത്യാസമില്ലാതെ മഴയും മഞ്ഞും അവഗണിച്ച് ലഹരി കടത്ത് പിടിക്കുകയെന്നത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. ക്ഷേത്രത്തിന് സമീപത്തെ വാണിജ്യ നികുതി ചെക്പോസ്റ്റ് കെട്ടിടത്തിൽ കാലങ്ങളായി പ്രവർത്തിച്ചിരുന്ന എക്സൈസ് ചെക്പോസ്റ്റ് അഞ്ച് വർഷം മുമ്പാണ് ഒരു കിലോമീറ്ററോളം അകലേക്ക് മാറ്റിയത്.
പാതയോരത്ത് ടിൻഷീറ്റ് കൊണ്ടു നിർമിച്ച കിയോസ്ക് സ്ഥാപിച്ച് അതിലേക്കാണ് മാറ്റിയത്. വാഹനങ്ങളുടെ പരിശോധനയും പാർക്കിങ് അടക്കം സൗകര്യവും ചൂണ്ടിക്കാട്ടിയായിരുന്നു ഈ മാറ്റം. രണ്ടുമുറികളായുള്ള കിയോസ്കിൽ ഒരെണ്ണം സി.ഐ ഉപയോഗിക്കുന്നു. ശേഷിക്കുന്ന ഒരു മുറിയിലാണ് ഡ്യൂട്ടിയിലുള്ള മറ്റ് ജീവനക്കാർ ഇരിക്കുന്നതും ഫയലുകളും തൊണ്ടിമുതലുകളും സൂക്ഷിക്കലും. നാല് ടേണിലായി ഇരുപതോളം ജീവനക്കാരാണുള്ളത്.
















