അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല കുറ്റക്കാരനാണെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ വിധി. ശിക്ഷ സംബന്ധിച്ച വാദം മെയ് 26ന് കോടതി കേള്‍ക്കും.1993 നും 2006 നും ഇടയില്‍ നിയമാനുസൃതമായ വരുമാനത്തിന് ആനുപാതികമല്ലാത്ത 6.09 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിനാണ് മുന്‍ ഹരിയാന മുഖ്യമന്ത്രി ഒ പി ചൗട്ടാലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2010 മാര്‍ച്ച് 26 ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2021 ജനുവരിയില്‍, അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ചൗട്ടാലയ്ക്കെതിരെ ഡല്‍ഹി കോടതി കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും ചുമത്തി. 2013-ലെ അധ്യാപക നിയമന അഴിമതിയില്‍ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒ.പി. ചൗട്ടാലയ്ക്കും മകന്‍ അജയ് ചൗട്ടാലക്കും പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇപ്പോള്‍ 87 വയസ്സുള്ള ഒ.പി. ചൗട്ടാല 2021 ജൂലൈയിലാണ് ജയില്‍ മോചിതനായത്.
















