ജമ്മു കശ്മീരിലെ റംബാനിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 6 തൊഴിലാളികൾ തുരങ്കത്തിനകത്ത് കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ 15-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഇവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. പശ്ചിമ ബംഗാൾ, അസം, നേപ്പാൾ സ്വദേശികളും പ്രദേശവാസികളുമാണ് അപകടത്തിൽപ്പെട്ടത്.ദേശീയപാതയിൽ മണ്ണിടിച്ചിൽ പതിവായതിനാൽ ഗതാഗതതടസ്സം ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിർമിച്ച തുരങ്കമാണ് നിർമാണത്തിനിടെ തകർന്നത്.
വ്യാഴാഴ്ച രാത്രി 10:15 ഓടെയാണ് തുരങ്കം തകർന്നത്. മണ്ണിടിച്ചിലിൽ നിർമാണത്തിന് ഉപയോഗിച്ചിരുന്ന നിരവധി ട്രക്കുകളും എക്‌സ്‌കവേറ്ററുകളും മറ്റ് വാഹനങ്ങളും പൂർണമായും തകർന്നു. പരിക്കേറ്റ മൂന്ന് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിന് 30 മീറ്റർ ഉള്ളിലേക്ക് മാറിയുള്ള ഭാഗമാണ് തകർന്നുവീണത്.
















