നിയമവിരുദ്ധമായി രാജ്യത്തേക്ക് കടന്ന കേസില്‍ വജ്ര വ്യാപാരി മെഹുല്‍ ചോക്സിക്കെതിരായ നടപടികള്‍ ഡൊമനിക്ക അവസാനിപ്പിച്ചു . ആന്റിഗ്വയില്‍ നിന്നും ബര്‍മുഡയില്‍ നിന്നും ചോക്സിയെ ബലമായി തട്ടികൊണ്ടുവന്നെന്ന വാദം അംഗീകരിച്ചാണ് തീരുമാനം. നീരവ് മോദിയുമായി ഒത്തുചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് മെഹുല്‍ ചോക്‌സി ഇന്ത്യ വിട്ടത്. രാജ്യത്തെ നിയമനടപടിയില്‍ നിന്ന് രക്ഷനേടാനായിരുന്നു ചോക്‌സിയുടെ ശ്രമം.
കഴിഞ്ഞ മെയ് മാസത്തിലാണ് ആന്റിഗ്വയില്‍ നിന്ന് ചോക്സിയെ കാണാതായത്. തുടർന്ന് ഡൊമിനിക്കന്‍ ദ്വീപുകളില്‍ നിന്നാണ് ചോക്‌സിയെ കണ്ടെത്തിയത്. പിന്നാലെ ഡോമനിക്കന്‍ അധികൃതര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആന്റിഗ്വയില്‍ നിന്നും ബാര്‍ബുഡയില്‍ നിന്നും നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
താന്‍ ഒരു ആന്റിഗ്വന്‍ പൗരനാണെന്നും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ ഏജന്റുമാര്‍ ഉള്‍പ്പെടെള്ളവര്‍ നിര്‍ബന്ധിച്ച് ഡൊമിനിക്കയിലേക്ക് കൊണ്ടുവന്നതാണെന്നും ആന്റിഗ്വ പോലീസിന് നല്‍കിയ പരാതിയില്‍ ചോക്‌സി പറഞ്ഞു. പിന്നാലെ ചോക്‌സിയെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞവരെയും പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ ഇന്ത്യ എത്രയും വേഗം ചോക്‌സിയെ കൈമാറാനാണ് ഡൊമിനിക്കയോട് അഭ്യര്‍ത്ഥിച്ചത്.
ഇതിനിടെ ഡൊമനിക്കയിലേക്ക് തട്ടിക്കൊണ്ടുവന്ന തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചോക്‌സി ജാമ്യം തേടിയിരുന്നു. നിയമനടപടികള്‍ തീരുന്നതുവരെ ഡൊമിനിക്കയില്‍ തന്നെ തുടരുമെന്നും മൊഹുല്‍ ചോക്സിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡൊമിനിക്കന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ജാമ്യത്തിനെതിരായിരുന്നു. ഇത് ശരിവെച്ച് കോടതി ജാമ്യവും നിഷേധിച്ചു.
















