ഗ്യാന്‍വാപി കേസില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ഡൽഹി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍. ഡൽഹി സര്‍വ്വകലാശാലയിലെ ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രത്തൻ ലാലിൻറെ പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഒരു അഭിഭാഷകന്‍ പരാതി നൽകിയിരുന്നു.
അതേസമയം ഗ്യാൻവാപി മസ്ജിദിനെക്കുറിച്ചുള്ള കേസ് വാരാണസി സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. മുതിർന്ന ജഡ്ജി കേൾക്കട്ടെ എന്ന് നിർദ്ദേശിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് കേസ് ജില്ലാ കോടതിക്ക് വിട്ടു.
1991 ലെ ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമപ്രകാരം കോടതിക്ക് ഇത് കേൾക്കാനുള്ള അധികാരമില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു. ഈ അപേക്ഷ ആദ്യം പരിഗണിക്കാൻ ജില്ലാ കോടതിക്ക് നിർദ്ദേശം നല്‍കി. സർവ്വേ റിപ്പോർട്ട്, മസ്ജിദിലെ പ്രാർത്ഥന എന്നിവയിൽ നേരത്തെ നല്‍കിയ ഇടക്കാല ഉത്തരവ് തുടരും. വിശ്വാസികൾക്ക് ശുദ്ധിവരുത്താനുള്ള സൗകര്യം കക്ഷികളോട് സംസാരിച്ച് ജില്ലാ മജിസ്ട്രേറ്റ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. മറ്റൊരു സ്ഥലത്ത് ഇത് വേണം എന്നല്ല നിർദ്ദേശമെന്ന് കോടതി വിശദീകരിച്ചു.
















