ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നിര്‍മാണം പുരോഗമിച്ചിരുന്ന തുരങ്കം തകര്‍ന്നുവീണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ തൊട്ടടുത്ത മലയിടിഞ്ഞുവീണു.
തുരങ്കത്തിന്‍റെ ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ നടക്കുന്നതിനിടെയാണ് മാഗര്‍കോട്ട് ഭാഗത്ത് മലയുടെ ഭാഗം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ച രണ്ട് യന്ത്രങ്ങള്‍ മലയിടിച്ചിലില്‍ പെട്ടതോടെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരണമെങ്കില്‍ പുതിയ മാര്‍ഗ്ഗം തേടേണ്ടിവരുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ മസ്സറത്തുള്‍ ഇസ്ലാം പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10:15 ഓടെ തുരങ്കം തകർന്നു. അവിടെ ജോലി ചെയ്യുന്ന 12 തൊഴിലാളികൾ കുടുങ്ങി. മണ്ണിടിച്ചിലിൽ നിരവധി ട്രക്കുകളും എക്‌സ്‌കവേറ്ററുകളും മറ്റ് വാഹനങ്ങളും പൂർണമായും തകർന്നിട്ടുണ്ട്. കുടുങ്ങിയ ഒമ്പത് പേരിൽ അഞ്ച് പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരും ഒരാൾ നേപ്പാളിൽ നിന്നുള്ളയാളും ഒരാൾ അസമിൽ നിന്നുള്ളയാളും രണ്ട് പേർ സ്വദേശികളുമാണ്. മണ്ണിടിച്ചിലിൽ പരിക്കേറ്റ മൂന്ന് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇന്ന് ഒരു മൃതദേഹം കണ്ടെടുത്തു. പശ്ചിമ ബംഗാൾ സ്വദേശിയാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം 4:40 ഓടെ, സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലും മഴയും ഉണ്ടായതോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചു. ചരിവുകളിൽ പാറകളും കല്ലുകളും തെറിച്ചുവീണതിനെത്തുടർന്ന് പലതവണ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു.
റമ്പാനിലെ സ്ഥിതിഗതികൾ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിരീക്ഷിച്ചുവരികയാണ്. സിവിൽ സെക്രട്ടേറിയറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിൽ അദ്ദേഹം രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി ചർച്ച ചെയ്തു. ഇന്നലെ രാത്രിയോടെ ജില്ല, പൊലീസ്, ആർമി ഉദ്യോഗസ്ഥർ നിലയുറപ്പിച്ചാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അവസാനത്തെ ആളെയും രക്ഷിക്കുന്നത് വരെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ തുടരുമെന്ന് സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച മനോജ് സിൻഹ പറഞ്ഞു.
















