മുംബൈ: ഷീന ബോറ വധക്കേസിൽ ജാമ്യം ലഭിച്ച ഇന്ദ്രാണി മുഖർജി ജയിലിൽനിന്നും പുറത്തിറങ്ങി. ജാമ്യം ലഭിച്ച് ഒരു ദിവസം കഴിഞ്ഞാണ് ഇന്ദ്രാണിക്ക് ജയലിൽനിന്നും പുറത്തിറങ്ങാനായത്. രേഖകൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കാത്തതിനാലാണ് ജയിൽനിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്നത്. രണ്ട് ലക്ഷം രൂപയ്ക്കുള്ള ബോണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഇന്ദ്രാണി ജയിൽവിട്ടു.
കഴിഞ്ഞ ആറര വർഷക്കാലമായി ബൈക്കുള വനിതാ ജയിലിലായിരുന്നു ഇന്ദ്രാണി മുഖർജി. വിചാരണ ഉടൻ അവസാനിക്കില്ലെന്നും കോടതി പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പീറ്റർ മുഖർജി 2020 ഫെബ്രുവരി മുതൽ ജാമ്യത്തിലാണ്. 2021 നവംബറിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച പ്രത്യേക ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
പ്രത്യേക സിബിഐ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ദ്രാണിക്ക് തലച്ചോറിന് ഗുരുതര രോഗമുണ്ടെന്നും കേസിൽ വിചാരണ അടുത്തകാലത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അവർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി വാദിച്ചു.
ദീർഘകാലം ജയിൽവാസം അനുഭവിച്ചതു കൊണ്ട് ഇന്ദ്രാണിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതിയും ശരിവച്ചു. രാജ്യം വിടരുതെന്നും തെളിവു കൾ നശിപ്പിക്കരുതെന്നുമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ജാമ്യം അനുവദിച്ചത്. ആദ്യവിവാഹത്തിലെ മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖർജി ശിക്ഷിക്കപ്പെട്ടത്.
















