ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസ് പ്രതി മണിച്ചന്റെ ജയിൽ മോചനത്തിൽ സർക്കാർ നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശം. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. മണിച്ചൻറെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശിപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്.
അതേസമയം, മണിച്ചൻ കേസിൽ കേരളത്തിൽ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഫയൽ ഇതുവരെ കണ്ടിട്ടില്ല. പരിശോധനക്ക് ശേഷം തീരുമാനിക്കും. സുപ്രീംകോടതി നിർദേശം എന്തെന്നറിയില്ലെന്നും ഗവർണർ പറഞ്ഞു.
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്, അർഹതയുള്ള മുഴുവൻ തടവുകാർക്കും ഇളവുകൾ നൽകാൻ ഒക്ടോബറിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് 184 ജീവപര്യന്തം തടവുകാരുടെ പട്ടിക സർക്കാർ പരിഗണിച്ചത്. ജയിൽ ഉപദേശക സമിതികൾ പല ഘട്ടത്തിൽ അപേക്ഷ തള്ളിയവരായിരുന്നു ഇതിലുൾപ്പെട്ടത്.
2000 ഒക്‌ടോബർ 21നാണ് കല്ലുവാതുക്കൽ മദ്യ ദുരന്തമുണ്ടായത്. വ്യാജമദ്യം കഴിച്ച് 31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാവുകയും 500 പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ തുടങ്ങിയവർ കേസിൽ പ്രതികളായിരുന്നു. വിതരണക്കാരി ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവെ 2009ൽ മരിച്ചു. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠൻ എന്നിവരെ ശിക്ഷ ഇളവ് ചെയ്ത് കഴിഞ്ഞവർഷമാണ് വിട്ടയച്ചത്.
















