തെലങ്കാനയിൽ വനിതാ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. സംഭവത്തിന് ഉത്തരവാദികളായ 10 പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സുപ്രീം കോടതിയിലെ മുൻ ജസ്റ്റിസ് വി.എസ്.സിർപുർകറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ശുപാർശ നൽകി. രക്ഷപ്പെടുന്നതിനിടെ പ്രതികൾ പൊലീസിനുനേരെ വെടിയുതിർത്തെന്ന വാദം ഇതോടെ തള്ളി.
സിബിഐ മുൻ ഡയറക്ടർ ഡി.ആര്‍.കാര്‍ത്തികേയൻ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ പ്രകാശ് ബാൽദോത്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കൊല്ലപ്പെട്ട പ്രതികള്‍ പൊലീസില്‍ നിന്ന് തോക്ക് തട്ടിയെടുത്തുവെന്നും പൊലീസിനെതിരെ കല്ലെറിഞ്ഞെന്നുമായിരുന്നു തെലങ്കാന സർക്കാരിനു വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗിയുടെ വാദം. സംഭവത്തിൽ രൂക്ഷ വിമര്‍ശനമാണ് തെലങ്കാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി നടത്തിയത്. പ്രതികൾക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നും പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഹൈദരാബാദ് ബലാല്‍സംഗക്കേസ് പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ സത്യമറിയണമെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി 2019 ഡിസംബറിലാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
തെലങ്കാനയിൽ മൃഗ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ പ്രതികളെ ഡിസംബർ ആറിന് പുലർച്ചെ 3.30 നാണ് പൊലീസ് വെടിവച്ചുകൊന്നത്. ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കാൻ വേണ്ടി പൊലീസ് നടത്തിയ നാടകമാണ് ഏറ്റുമുട്ടൽ കൊലകളെന്ന ആരോപണം ശക്തമായതോടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഹൈദരാബാദിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
















