പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കുന്ന ജസ്റ്റിസ് രവീന്ദ്രന്‍ കമ്മിറ്റിക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വീണ്ടും സമയം നീട്ടി നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ജസ്റ്റിസ് രവീന്ദ്രന്‍ സമിതി റിപ്പോര്‍ട്ടിന് സമയം നീട്ടി നല്‍കിയത്.
ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനായി കമ്മിറ്റി സ്വന്തമായി സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു. പെഗാസസിനായുള്ള ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനുള്ള എസ്ഒപി അന്തിമമാക്കുന്ന പ്രക്രിയ നടന്നു വരുന്നതായി പെഗാസസ് കേസിലെ സാങ്കേതിക സമിതി കോടതിയെ അറിയിച്ചു.
മെയ് അവസാനത്തോടെ ഇത് അന്തിമമാക്കും. കേസില്‍ അടുത്ത വാദം ജൂലൈയില്‍ നടക്കുമെന്നും ജൂണ്‍ 28നകം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജെ.രവീന്ദ്രനോട് കോടതി നിര്‍ദ്ദേശിച്ചു.മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, രാഷ്ട്രീയ തന്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, ന്യൂനപക്ഷ നേതാക്കള്‍, സുപ്രീംകോടതി ജഡ്ജിമാര്‍, മത നേതാക്കള്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവികള്‍ എന്നിവര്‍ക്കെതിരെ പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ചതായി 17 മാധ്യമ സ്ഥാപനങ്ങള്‍ നടത്തിയ ഒരു കൂട്ടായ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തി.നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന ഗവണ്‍മെന്റ് ഏജന്‍സികളുടെ പ്രതിരോധം അംഗീകരിക്കാതെ പ്രതിപക്ഷ നിര സര്‍ക്കാരിനെ ഗൂഢാലോചന ആരോപിച്ചു.
















