വെഞ്ഞാറമൂട്: യുവാവ് കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. പിരപ്പൻകോട് അണ്ണൽ വിഷ്ണു ഭവനിൽ വിഷ്ണു (30), കടകംപള്ളി ആനയറ വെൺപാലവട്ടം ഈറോഡ് കളത്തിൽ വീട്ടിൽ ശരത്കുമാർ (25), കടകംപള്ളി ആനയറ ഈറോഡ് കുന്നിൽവീട്ടിൽ നിധീഷ് (21) എന്നിവരാണ് അറസ്റ്റിലായത്.
കോലിയക്കോട് കീഴാമലയ്ക്കൽ എള്ളുവിള വീട്ടിൽ ഷിബു (31) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയതായിരുന്നു മരിച്ച ഷിബുവും അറസ്റ്റിലായ മറ്റ് പ്രതികളും.
രാത്രിയിൽ നാല് പേരും ചേർന്ന് വിവാഹ വീടിനടുത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ കയറി മദ്യപിച്ചശേഷം താഴേക്കിറങ്ങുന്നതിനിടയിൽ ഷിബു കാൽവഴുതി വീഴുകയും സാരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് അറസ്റ്റിലായ മൂവരും ചേർന്ന് ഷിബുവിനെ ആദ്യം കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും പ്രഥമ ശുശ്രൂഷകൾക്കുശേഷം ഡോക്ടറുടെ നിർദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർ സ്കാനിംഗിനും എക്സ്റേക്കും നിർദേശിച്ചു. എന്നാൽ, മൂവരും ചേർന്ന് മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നും പറഞ്ഞ് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി ഷിബുവിനെ ഓട്ടോയിൽ കയറ്റി കൊപ്പത്തെത്തിച്ച് മറ്റൊരു സുഹൃത്തിനോട് വീട്ടിലെത്തിക്കാൻ പറഞ്ഞശേഷം കടന്നുകളഞ്ഞു. അയാളാണ് ഷിബുവിനെ വീട്ടിലെത്തിച്ചത്. എന്നാൽ, രാത്രിയോടെ ഷിബുവിന്റെ നില വഷളാവുകയും ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. തുടർന്ന് ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ചികിത്സ കിട്ടാതെ ഷിബു മരിക്കാനിടയായതിൽ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും മനഃപൂർവമായ നരഹത്യക്ക് കേസെടുത്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
















