ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെയും മകള്‍ മിസ ഭാരതിയുടേയും വസതികളിലും ഓഫീസുകളിലും സിബിഐ റെയിഡ്. ബിഹാറിലും ഡല്‍ഹിയിലുമായി 17 ഇടങ്ങളിലാണ് ഒരേ സമയം സിബിഐ പരിശോധന നടക്കുന്നത്.
2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ റെയില്‍വേ മന്ത്രിയായിരിക്കവേയാണ് കേസിനാസ്പദമനായ സംഭവം. റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലാലു പ്രസാദ് ഭൂമി എഴുതി വാങ്ങിയെന്ന കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
ലാലു, ഭാര്യ റാബ്രി, മകള്‍ മിസ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ഉള്‍പ്പെടെ പട്ന, ഗോപാല്‍ഗഞ്ച്, ഡല്‍ഹി എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിലാണ് സിബിഐ തിരച്ചില്‍ നടത്തിയത്. ലാലു പ്രസാദ്, റാബ്രി യാദവ്, മിസ യാദവ്, ഹേമ യാദവ് എന്നിവരെ കൂടാതെ, ഭൂമി നല്‍കി പകരമായി ജോലി നേടിയ അനര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെയും സിബിഐ എഫ്ഐആറില്‍ പ്രതികളാക്കിയിട്ടുണ്ട്. ബിഹാറിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന സ്വത്തുക്കള്‍ യാദവ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികള്‍ ഏറ്റെടുത്തിരുന്നു. ഉദ്യോഗാര്‍ത്ഥികളില്‍ ചിലരുടെ മൊഴി സിബിഐക്ക് ലഭിച്ചിട്ടുണ്ട്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവിന് ജാമ്യം ലഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ അന്വേഷണം കൂടി ഉണ്ടാകുന്നത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ അദ്ദേഹം ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ അഞ്ചാമത്തെയും അവസാനത്തെയും കേസിലും പ്രതിയായിരുന്നു.
















