നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന് നൽകി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്നും എസ് ശ്രീജിത്ത് ഐപിഎസ് മാറിയെന്ന് ഹൈക്കോടതിയെ അറിയിച്ച സർക്കാർ ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടർന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.
ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയിൽ നിലപാടറിയിച്ചത്.
സിനിമ സംവിധായകൻ ബൈജു കൊട്ടാരക്കരയായിരുന്നു എ ഡി ജി പി ശ്രീജിത്തിന്റെ സ്ഥാനചലനത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
















