ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. കൗൺസിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജിഎസ്ടി കൗണ്‍സിന്റെ ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ബാധ്യതയുണ്ടെന്ന് പറയുന്നത് ഫെഡറലിസത്തിന് എതിരാണെന്ന് കോടതി വ്യക്തമാക്കി.ഭരണഘടനയുടെ 246 എ അനുച്ഛേദപ്രകാരം നികുതിയുമായി ബന്ധപ്പെട്ട നിയമം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യ അധികാരമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ജിഎസ്ടിയില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരേസമയം അധികാരമുണ്ടെന്നും ഭരണഘടന ഇത്തരം വ്യവസ്ഥകള്‍ വിഭാവനം ചെയ്യുന്നില്ലെന്നും ജിഎസ്ടി കൗണ്‍സില്‍ യോജിച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
‘ജനാധിപത്യവും ഫെഡറലിസവും പരസ്പരാശ്രിതമാണ്. ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ ആണെങ്കിലും കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉയര്‍ന്ന അധികാരം നല്‍കുന്നു. എന്നാല്‍ രണ്ട് ഭരണഘടനാ കേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധം എല്ലായ്‌പ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നില്ല.’എന്നാണ് സഹകരണ ഫെഡറലിസത്തെക്കുറിച്ചുള്ള നിര്‍ണായക നിരീക്ഷണമായി കോടതി പറഞ്ഞത്. ഇന്ത്യന്‍ ഫെഡറലിസം എന്നാല്‍, സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചകളിലൂടെ വിഷയങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. അതിനാല്‍ തന്നെ കൗണ്‍സില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
















