മഹാരാഷ്ട്രയിലെ മുഗള്‍ ഭരണാധികാരി ഔറംഗസീബിന്റെ ശവകുടീരത്തെ ചൊല്ലി തര്‍ക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഔറംഗസീബിന്റെ ശവകുടീരം 5 ദിവസത്തേക്ക് അടച്ചു. വിവിധ രാഷ്ട്രീയ നേതൃത്വങ്ങളാണ് പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ശവകുടീരത്തിന്റെ അനിവാര്യതയെ ചോദ്യം ചെയ്ത് ചര്‍ച്ചകള്‍ നടക്കുകയാണ്. ശവകുടീരം ആവശ്യമില്ലെന്നും അതിനെ നശിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന വക്താവ് ഗജാനന്‍ കാലെ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, ഔറംഗബാദിലെ ഖുല്ലാബാദ് പ്രവശ്യയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് കമ്മിറ്റി സ്മാരകം അടച്ചുപൂട്ടാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. പ്രതിഷേധ സ്വരങ്ങള്‍ കണക്കിലെടുത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ സ്മാരകത്തില്‍ അധിക സുരക്ഷാ ഗാര്‍ഡുകളെ വിന്യസിച്ചിരുന്നു. നിലവില്‍ സ്മാരകത്തിന്റെ സംരക്ഷണ ചുമതല എ.എസ്.ഐക്കാണ്. പ്രക്ഷോഭം അതിരുവിട്ടേക്കുമെന്ന വിലയിരുത്തലിലാണ് ഔറംഗസീബിന്റെ ശവകുടീരം 5 ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.
സ്മാരകം അടച്ചു പൂട്ടാന്‍ നടന്ന ശ്രമങ്ങളെ തടഞ്ഞിരുന്നെന്നും തുറന്നു പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് നല്‍കിയിരുന്നെന്നും എഎസ്‌ഐയുടെ ഔറംഗബാദ് സര്‍ക്കിള്‍ സൂപ്രണ്ട് മിലന്‍ കുമാര്‍ ചൗലെ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും മിലന്‍ കുമാര്‍ ചൗലെ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തിയ ശേഷമാകും അടച്ചിടല്‍ നീട്ടുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും സര്‍ക്കിള്‍ സൂപ്രണ്ട് പറഞ്ഞു. എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഒവൈസി ഈ മാസം ആദ്യം ശവകുടീരം സന്ദര്‍ശിച്ചപ്പോള്‍ ഭരണകക്ഷിയായ ശിവസേനയും രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
















