മരിയുപോളിലെ ഉരുക്കുഫാക്ടറി കേന്ദ്രമാക്കി പോരാട്ടം നടത്തിയിരുന്ന യുക്രെയ്ൻ സേനാംഗങ്ങളിൽ ചിലർ കൂടി കീഴടങ്ങി.അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയിലെ ബങ്കറുകളിൽ നിന്നു പുറത്തുവന്നു കീഴടങ്ങിയ യുക്രെയ്ൻ സൈനികരുടെ ആകെ എണ്ണം 959 ആയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. മരിയുപോളിൽ ഇനി അവശേഷിക്കുന്ന സൈനികരെക്കുറിച്ച് യുക്രെയ്ൻ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചില ഉന്നത കമാൻഡർമാർ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നാണു റിപ്പോർട്ടുകൾ. ഇവരിൽ 80 പേർ ഗുരുതര പരുക്കേറ്റവരാണ്. യുക്രെയ്നിൽ റഷ്യൻ സൈനികരുടെ വിചാരണയ്ക്കു തുടക്കമായിട്ടുണ്ട്. സുമിയിൽ പ്രദേശവാസിയെ കൊന്നതിന് റഷ്യൻ സൈനികൻ കുറ്റമേറ്റു. ജീവപര്യന്തം തടവു ശിക്ഷ വിധിച്ചേക്കാം.
യുക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത മേഖലകളിലെ തകർന്ന റോഡുകൾ ഉൾപ്പെടെ നന്നാക്കി സമഗ്രമായ പുനർനിർമാണം നടത്തുമെന്ന് റഷ്യൻ ഉപ പ്രധാനമന്ത്രി മാററ്റ് ഖുസ്നുലിൻ വ്യക്തമാക്കി. തെക്കുകിഴക്കൻ യുക്രെയ്നിലുള്ള സപോറീഷയിലെ ആണവപ്ലാന്റിൽനിന്നുള്ള വൈദ്യുതി റഷ്യ എടുക്കും. പണം നൽകിയാൽ യുക്രെയ്ന് ഉപയോഗിക്കാം.
















