വാരാണസിയിലെ ജ്ഞാനവാപി മസ്ജിദ് കേസില്‍ സുപ്രീം കോടതിയും വാരണാസി കോടതിയും ഇന്ന് വാദം കേള്‍ക്കും. ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തില്‍ കണ്ടെത്തിയ ശിവലിംഗം മുസ്ലീങ്ങളുടെ പ്രാര്‍ത്ഥന നടത്താനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കാതെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വാരണാസി ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടതിന് ശേഷം കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ഹിന്ദുസേന കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കാശി വിശ്വനാഥ്-ജ്ഞാനവാപി തര്‍ക്കത്തിന്റെ ചരിത്രം അവഗണിക്കുകയാണെന്ന് ഹിന്ദുസേന സത്യവാങ്മൂലത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പ് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ആരാധനാലയ നിയമം ബാധകമല്ലെന്നും ഹിന്ദു സേന വാദിച്ചു. ഗ്യാന്‍വാപി മസ്ജിദ് നിയന്ത്രിക്കുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
പള്ളിയുടെ പരിസരത്ത് കണ്ടെത്തിയ ‘ശിവലിംഗ’ത്തില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി വാരണാസി കോടതി ഇന്ന് പരിഗണിക്കും. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ബേസ്മെന്റിന്റെ ഭിത്തികള്‍ പൊളിക്കണമെന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്നും ഇതേ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജ്ഞാനവാപി മസ്ജിദിലെ സീല്‍ ചെയ്ത സ്ഥലത്ത് നിന്ന് പൈപ്പ് ലൈനുകള്‍ മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ മഹേന്ദ്ര പ്രസാദ് പാണ്ഡെ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
അജയ് കുമാര്‍ മിശ്രയെ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ ഒരു സ്വകാര്യ ക്യാമറാമാനെ ഉപയോഗിച്ചു എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്റെ ചുമതലകള്‍ നിറവേറ്റുന്നതില്‍ നിരുത്തരവാദപരമായ പെരുമാറ്റം പ്രകടിപ്പിച്ചതിന് വാരണാസി കോടതി ചൊവ്വാഴ്ച അദ്ദേഹത്തെ മൂന്നംഗ സര്‍വേ ടീമില്‍ നിന്ന് നീക്കിയിരുന്നു. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണാസി കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ക്ക് അനുവദിച്ച കൂടുതല്‍ സമയം ഇന്ന് അവസാനിക്കുന്നതോടെ റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തും.
















