ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായ പേരറിവാളനും അമ്മ അർപ്പുതം അമ്മാളും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിൽ കണ്ട് നന്ദി അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മോചനത്തിനായി സർക്കാർ കൈക്കൊണ്ട നടപടികൾക്ക് ഇരുവരും നന്ദി പറഞ്ഞു. പേരറിവാളനെ ചേർത്തണച്ചുകൊണ്ടാണ് സ്റ്റാലിൻ സ്വീകരിച്ചത്.
പേരറിവാളന്റെ മോചനം ഫെഡറലിസത്തിന്റേയും തമിഴ്നാടിവ്റേയും ജയം എന്നാണ് എം കെ സ്റ്റാലിൻ പ്രതികരിച്ചത്.
മുപ്പത്തിയൊന്നു വര്‍ഷമായി അമ്മ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് തന്റെ ശിക്ഷാ ഇളവെന്ന് പേരറിവാളന്‍ പറഞ്ഞു. അമ്മ അര്‍പ്പുതമ്മാളിന് മധുരം നല്‍കിയാണ്, സുപ്രീം കോടതി ശിക്ഷാ ഇളവ് നല്‍കിയ വാര്‍ത്ത പേരറിവാളന്‍ ആഘോഷിച്ചത്. നിലവില്‍ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിലാണ് പേരറിവാളന്‍.
മോചന വാര്‍ത്ത അറിഞ്ഞതോടെ ജോലാര്‍പേട്ടയിലെ വീട്ടിലേക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടയും ഒഴുക്കാണ്. വികാര നിര്‍ഭര രംഗങ്ങള്‍ക്കാണ പേരറിവാളന്റെ വീട് സാക്ഷ്യം വഹിച്ചത്. പേരറിവാളന്റെ വിവാഹം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ബന്ധുക്കളുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് പിതാവ് പറഞ്ഞു.
പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018-ല്‍ തമിഴ്‌നാട് സര്‍ക്കാരാണ് ഗവർണർക്ക് കൈമാറിയത്. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.
1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. രാജീവ് ഗാന്ധി വധക്കേസിൽ 32 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് 20 വയസ് തികയാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേൽ ചുമത്തിയ കുറ്റം.
















